Friday, January 2, 2009

ബാല്യം-ചാപല്യം

വിനോദ യാത്രകള്‍ക്ക് സാഹചര്യം ലഭിക്കാതെ ഒരു ബാല്യ- കൌമാരത്തിന്റെ വേദനിക്കുന്ന ഓര്‍മ്മകള്‍ ഒരു നൊമ്പരമായി ഇന്നും മനസ്സില്‍ ഊറുമ്പോള്‍ പിന്നീട് നടത്തിയ അനന്തമായ യാത്രകള്‍ക്ക് ഒന്നും ആ ആനന്ദം നല്കാന്‍ ആയില്ലെന്കിലും ചില അനുഭവങ്ങള്‍ നല്‍കാനായി എന്നത് വിസ്മരിക്കാവുന്നതല്ല


ആദ്യത്തെ അകല യാത്ര (നാല്‍പതു കി.മി. മാത്രം ) അമ്മാവനോടോന്നിച്ച് പ്രസിദ്ധമായ ഒരു തീര്‍ഥാടന  കേന്ദ്രത്തിലേക്ക് ആയിരുന്നു. .ആ അനുഭവത്തിന്റെ പിന്‍ബലത്തില്‍ ഞാന്‍ എന്ന പതിമൂന്നു കാരന്‍ നടത്തിയ 'സാഹസിക യാത്ര' അന്നത്തെ സ്വകാര്യ ബസ്സിന്റെ സ്ഥലനാമ സൂചികയില്‍ തട്ടി ഉലഞ്ഞപ്പോഴും തോറ്റില്ല ഈ കൊച്ചു കഴുവേറി. . പിന്നീട് ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം ജീവിതത്തിന്റെ ഗതി തന്നെ തിരുത്തിയ ഒരു 'മഹായാത്ര' ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ തോറ്റ (ജയിച്ചാല്‍ സ്‌കൂള്‍ ലീഡര്‍ ഉറപ്പായിരുന്നു)ഒരു എസ് .എഫ്.ഐ. സ്‌കൂള്‍യൂനിറ്റ് നേതാവിന്റെ ഒളിച്ചോട്ടം ആയിരുന്നോ അതോ ബാല്യ ചാപല്യം മാത്രം ആയിരുന്നോ എന്നത് ഇന്നും മനസിലാകാത്ത ഈ 'മണ്ട ശിരോമണി' അത് എന്തായാലും അന്നത്തെ സഹയാത്രികന്‍ എന്റെ നല്ല സുഹൃത്തായിരുന്ന അയ്യപ്പനോട്‌ ക്ഷമ ചോദിക്കുന്നു. എന്ത് കൊണ്ടെന്നാല്‍ ഞാന്‍ എന്ന കുട്ടി നേതാവ് ഇല്ലായിരുന്നെങ്കില്‍ ആ പാവം അത്തരം ഒരു മണ്ടത്തരത്തിന് നില്‍ക്കില്ലായിരുന്നുഎന്നത് തന്നെ. കയ്യിലെ കാശ് തീരുന്നത് മനസിലാക്കി ഇനി എന്ത് എന്ന ചോദ്യത്തിന്നു ഉത്തരമായി ജോലി തിരഞ്ഞതും ഒടുവില്‍ കിട്ടിയ ജോലി സമ്മാനിച്ച അസുഖവും നല്ല ഒരു അനുഭവമായി-'നാടുവിട്ട രാജാവും വീട് വിട്ട ശ്വാനനും '


ഇതെഴുതുമ്പോള്‍ മനസ് എന്ന മാന്ത്രിക കുതിര എന്നെ ഇരുപത്തിനാലു വര്‍ഷം മുമ്പുള്ള  മൂവാറ്റുപുഴ ആയവന തിരു ഹൃദയ എന്ന സരസ്വതി ക്ഷേത്രത്തിലേക്ക് കൂട്ടിക്കോന്ണ്ടുപോകുന്നത് , ഏതാണ്ട് രണ്ടു ആഴ്ചയോളം നീണ്ട മേല്‍പ്പടി 'മഹായാത്ര' യും അതിന്റെ തിക്താനുഭവങ്ങളും പേറി എത്തിയ എന്നെ സ്വീകരിച്ചവരില്‍ പലരെയും ഇന്നും ഞാന്‍ ഓര്‍ക്കുമ്പോള്‍ അതിലെ ഒരു മുഖം ഇന്നും എന്റെ കണ്ണ് നിറക്കുന്നത് കൊണ്ടാവാം. സ്കൂളിലെ കൊച്ചു ലാബില്‍ എന്റെ രണ്ടു കയ്യും സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു 'എന്റെ മോനെന്തു പറ്റി എന്ന് പറഞ്ഞു വിതുമ്പി കരഞ്ഞ എന്റെ ബഹുമാന്യ ഡൈസി ടീച്ചര്‍ , എന്റെ ഉമ്മ യുടെ കരച്ചിലിന് മുന്‍പില്‍ പോലും പിടിച്ചു നിന്ന എന്നെ ഗുരു ശിഷ്യ ബന്ധത്തിന്റെ ആ നിര്‍മല നീര്‍മിഴികള്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തിക്കളഞ്ഞു .ഇപ്പോള്‍ ഏതെങ്കിലും കന്യാസ്ത്രീ  മഠത്തില്‍ തന്റെ ശിഷ്ട ജീവിതം നയിക്കുന്ന ആ മഹതിയുടെ , അന്ന് എനിക്കുവേണ്ടി കണ്ണീര്‍ വീണ ആ ത്രിപ്പാദങ്ങളില്‍ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.

3 comments:

പഥികന്‍ said...
This comment has been removed by the author.
കതിരന്‍ said...

thaleeeeee kollam

ജിജാസ് said...

കൊള്ളാം...തുടരൂ...